സ്വയം ബേൺ ഔട്ട് ആവാതെ നോക്കാം

Burnout:- തൊഴിലുമായി ബന്ധപെട്ട് സമ്മർദ്ദങ്ങൾ സ്വാഭാവികം. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അത്  ‘ബേൺ ഔട്ട്‘ അഥവാ ‘എരിഞ്ഞടങ്ങൽ‘ ആയി മാറുന്നു. ദീർഘകാലത്തെ സമ്മർദം കാരണം  ഒരാൾക്ക് മാനസികവും ശാരീരികവും വൈകാരീകരവും ആയി അനുഭവപ്പെടുന്ന അവസ്‌ഥയാണ്‌ ബേൺ ഔട്ട്. പല കാരണങ്ങൾ കൊണ്ടു ബേൺ ഔട്ട് ഉണ്ടാകാം. പ്രധാനമായി 3 തലങ്ങളാണ് ബേൺ ഔട്ടിനു ഉള്ളത്.

  • നിരന്തര ക്ഷീണം, തളർച്ച ജോലി ചെയ്യാനാവാത്ത അവസ്ഥ.
  • ജോലിയോടും, സഹപ്രവർത്തകരോടും , ഓഫീസിനോടും നെഗറ്റീവായ സമീപനം.
  • ചെയ്യുന്ന ജോലിക്ക് അർത്ഥമില്ലെന്ന തോന്നൽ.
കൃത്യമായി പരിഹരിച്ചില്ലെങ്കിൽ നമ്മുടെ സന്തോഷവും, സമാധാനവും , ആത്മാർത്ഥതയും കവർന്നെടുത്ത് ആശങ്കകളും, ദേഷ്യവും, ഒറ്റപ്പെടലും, നിസ്സഹായാവസ്‌ഥയും അതു സൃഷ്ടിക്കും. വിഷാദം, ഉത്കണ്ഠ പ്രശ്നങ്ങൾ എന്നീ മാനസികാവസ്‌ഥക്കും ഇത് കാരണമാകും. തൊഴിലുമായുള്ള ബന്ധം നഷ്ടമായതുപോലെ  തോന്നാം. നേട്ടങ്ങളിൽ സന്തോഷം കണ്ടെത്താകാത്ത അവസ്‌ഥയുണ്ടാകാം.
 
ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നവർ അവരുടെ ചെറിയ തെറ്റുകൾ പോലും വലുതായി കാണും. സ്വന്തം ജോലിയെ നിശിതമായി വിമർശിക്കും. തൊഴിലിടങ്ങളിൽ സ്വയം ഒറ്റപ്പെടും. ജോലി പിന്നേടത്തേക്കു  മാറ്റും. ഓർമപ്രശ്നങ്ങൾ, തീരുമാനങ്ങളെടുക്കുന്നതിലെ പിഴവുകൾ ആത്മവിശ്വാസക്കുറവ് എന്നിവ കൂടിക്കൂടി  വരും.
 
സുഖകരമല്ലാത്ത തൊഴിൽ അന്തരീക്ഷം, തൊഴിലിടങ്ങളിൽ അംഗീകാരം കിട്ടാത്ത അവസ്ഥ, ആശയവിനിമയത്തിന് തുറന്ന അവസരങ്ങളില്ലാത്തത് എന്നിവയെല്ലാം ‘ബേൺ ഔട്ട്’ സാഹചര്യം സംങ്കിർണമാകും.
 

എന്താണു പരിഹാരം

വ്യക്തിയിൽ മാത്രം മാറ്റം വരുത്തിയതുകൊണ്ടു ‘ബേൺ ഔട്ട്‘ പരിഹരിക്കാനാവില്ല. അതിനു തൊഴിലിടത്തിലും മാറ്റങ്ങളുണ്ടാകണം. ജോലിയിൽനിന്നു ആവശ്യത്തിന് ഇടവേളകളെടുക്കണം. വ്യായാമവും, ആരോഗ്യകരമായ ആഹാരക്രമവും ശീലമാക്കണം. വീട്ടിലും, ഓഫീസിലും നല്ലബന്ധങ്ങളുണ്ടാകണം. ആശയവിനിമയം മെച്ചപ്പെടുത്തണം. ജോലിസംബന്ധമായ ലക്ഷ്യങ്ങൾ മനുഷ്യസാധ്യമായതായിരിക്കണം. തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട ആശയവിനിമയവും, പരസ്പരബഹുമാനവുമുണ്ടാകണം. ജീവനക്കാരുടെ ക്ഷേമത്തിനു മുൻഗണന നൽകുന്ന തൊഴിലിടങ്ങൾ തിരഞ്ഞെടുക്കണം.
 
മാനസികസമ്മർദത്തിന്റെ  കാരണങ്ങൾ കണ്ടെത്തിവേണം പ്രശ്നത്തെ കൈകാര്യം ചെയ്യേണ്ടത്. പ്രയാസങ്ങൾ കുടുംബവുമായും അടുത്ത സുഹൃത്തുക്കളുമായും തുറന്നു സംസാരിക്കണം. ആവശ്യമെങ്കിൽ വിദഗ്ദ്ധരുടെ സഹായം തേടാം. മാനസികാസ്വാസ്ഥ്യങ്ങൾ തിരിച്ചറിഞ്ഞു സഹായം തേടിയില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാവാം.
 
 
  • Dr. Lisha P Balan (Clinical Psychologist)